Tuesday, 10 October 2017


അമ്മേ.. ഞാനെന്റെ വീട്ടിലേക്കു പോവ്വാ..  എനിക്കിനിയിവിടെ നിൽക്കണ്ട.

മോളെ നീ കരഞ്ഞു ബഹളമുണ്ടാക്കാതെ,നാട്ടുക്കാരറിഞ്ഞാൽ നമ്മൾക്ക് തന്നെയല്ലേ നാണക്കേട് ?  ഇനി ഇതിൽ കൂടുതലെന്തു നാണക്കേടാണമ്മേ എനിക്ക് വരാനുള്ളത്. എന്നെയും ഇത്തിരിയില്ലാത്ത ഈ കുഞ്ഞിനേയും ഓർത്തില്ലലോ ചേട്ടനിതു ചെയ്യുമ്പോൾ.

പ്രകാശനും നിവേദിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, രണ്ടു വീട്ടുകാരുടെയും സമ്മതത്തോടു കൂടി. വിവാഹം കഴിഞ്ഞു ഒന്നരവര്ഷമായപ്പോൾ ഒരാൾ കൂടി അവരുടെ സന്തോഷത്തിലേക്ക് വരാനിരിക്കെയാണ് പ്രകാശന് വിസ കിട്ടുന്നതും അയാൾ പ്രവാസത്തിലേക്കു പറക്കുന്നതും. ആദ്യമാദ്യം ദിവസേനയെന്നോണം വീട്ടിലേക്ക് വിളിച്ചിരുന്നത് പിന്നീട് വല്ലപ്പോഴുമായി. കഴിഞ്ഞ ദിവസം ദുബായിൽ നിന്നും വന്ന അകന്ന ബന്ധുവിൽ നിന്നുമാണ് കാര്യങ്ങളറിഞ്ഞത്. പ്രകാശൻ അവിടെയേതോ അന്യ രാജ്യക്കാരിയുമായണത്രെ താമസം. കാര്യങ്ങളന്വേശിച്ച അയാളോടവൻ ഇതൊക്കെ ഒരു രസമല്ലേ നമ്മളും ചോരേം നീരുമുള്ള മനുഷ്യരല്ലേ, ഇനിയിതൊന്നും അവിടെ ചെന്ന് പറയണ്ട എന്നൊക്കയാ പറഞ്ഞതത്രെ.
                                                                      -----------
"പ്രവാസികളുടെ ഭാര്യമാരെ കുറിച്ച് ഇല്ലാ കഥകൾ മെനയുന്നവരോടും, അവരെ മറ്റൊരു കണ്ണിലൂടെ കാണുന്നവരോടും, ഇത് പോലുള്ള ഒരുപാട് പ്രകാശന്മാരും  പ്രവാസികളുടെ കൂട്ടത്തിലുണ്ട്."


പ്രചോദനം : ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോൾ കണ്ട ഒരു കാഴ്ച. 

Sunday, 8 October 2017

വാർദ്ധക്യം

കുറെ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഞാൻ അയാളെ കാണുന്നത്.ഒറ്റനോട്ടത്തിൽ ആളെ മനസിലാവാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും അടുത്തനിമിഷം ഞാനയാളെ തിരിച്ചറിഞ്ഞു.കുഴിഞ്ഞൊട്ടിയ കവിളുകളും ഉള്ളിലേക്കു വലിഞ്ഞു രണ്ടു കുഴികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണുകളും, മെഡിക്കൽ കോളേജുകളുടെ പഠനമുറിയിൽ വെച്ചിട്ടുള്ള അസ്ഥികൂടങ്ങളെ വെല്ലുന്ന കോലവുമായ് അയാൾ മുന്നിൽ.വർഷങ്ങൾക്ക്  മുൻപ് കാണുമ്പോൾ എത്ര ആരോഗ്യവാനും സുന്ദരനുമായിരുന്നു. അന്നയാൾക്കു പറയാനുണ്ടായിരുന്നത് സന്തോഷപൂർവ്വമായ അയാളുടെ  ജീവിതത്തെ കുറിച്ചായിരുന്നു.ഇന്നെന്താണ് ഇത്ര മൗനം?!!

വാർദ്ധക്യം മനുഷ്യന് കഴിഞ്ഞകാല ജീവിതത്തിലെ കയ്‌പ്പേറിയതും മധുരമേറിയതുമായ ജീവിതാനുഭവങ്ങളെ തുലനം ചെയ്യാൻ ദൈവം നൽകിയ ഒന്നാണ് എന്നിങ്ങനെ കാടുകയറി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണു "അപ്പൂപ്പാ" എന്ന വിളിയുമായി കൊച്ചുമോന്റെ വരവ്.

 ഓ.. ഞാനും ഈ വാർദ്ധക്യത്തിന്റെ പിടിയിലാണല്ലോ എന്നപ്പോഴാണോർത്തത് ..

സലീം വലിയകത്ത് 

Saturday, 24 December 2016

ഒരു ക്രിസ്തുമസ്സ് രാവിന്റെ ഓർമ്മക്ക്.....




  മുൻ‌കൂർ ജ്യാമ്യം  :  പതിനൊന്നു വർഷം  മുമ്പ്  ചെന്നൈയിൽ നിന്നുമുള്ള ഒരു ട്രെയിൻ യാത്രയിൽ മനസ്സിൽ തോന്നിയത്  കുറിച്ച് വെച്ചിരുന്നത്  ഈയിടക്ക് നാട്ടിൽ പോയപ്പോൾ കിട്ടി. ഇപ്പോൾ വായിക്കുമ്പോൾ ഒരു പൈങ്കിളി ടച്ച് ഫീൽ ചെയ്യുന്നുണ്ടെങ്കിലും അത് അങ്ങനെ തന്നെ പോസ്റ്റുകയാണ്...





ട്രെയിൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയിരിക്കുന്നു.ഞാൻ വാച്ചിൽ നോക്കി സമയം 5.35. പതുക്കെ അടച്ചിട്ടിരുന്ന ജനൽപാളി തുറന്നു ഒരു സുഖമുള്ള കാറ്റ് വീശിയെത്തി. നക്ഷത്രങ്ങൾക്ക് ശോഭകുറഞ്ഞിരിക്കുന്നു.നേരം വെളുത്തുവരികയാണ്. തൊട്ടുമുന്നിലെ  ബെർത്തിൽ ആ സുന്ദരിക്കുട്ടി ഇപ്പോഴും സ്വെറ്ററും പുതച്ച് നല്ല ഉറക്കമാണ്. എനിക്കാണെങ്കിൽ അങ്ങിനെ ഉറങ്ങാൻ കഴിയില്ലെന്ന് ഓർത്തു,നീണ്ട് നിവർന്ന് അല്ലെങ്കിൽ പുതപ്പിനുള്ളിൽ യാതൊരു വെളിച്ചവും ശബ്ദവുമില്ലാതെ ചുരുണ്ടുകൂടിയുള്ള ഉറക്കമാണ് എനിക്കിഷ്ടം. ഇന്നലെ സന്ധ്യക്ക് ഞാൻ ട്രെയിനിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴാണു അവൾ വന്നത്.കൂടെയാരോ ഉണ്ടായിരുന്നു യാത്രയാക്കാനായി. ആ സ്ത്രീയുടെ മുഖം എവിടെയോ കണ്ടുമറന്നപോലെ .അവൾ എനിക്കഭിമുഖമായി ചേർന്നിരുന്നു മെല്ലെ പുസ്തക താളുകൾ മറിച്ചു നോക്കിക്കൊണ്ടിരുന്നു.എനിക്കവളോട് എന്തെങ്കിലും ഒക്കെ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ  നാവു ചലിക്കുന്നില്ല.എപ്പോഴും അങ്ങിനെയാണ് ഏതെങ്കിലും പെൺകുട്ടികളെ  കാണുമ്പോൾ അവരോടു പേര് ചോദിക്കണമെന്നും ചങ്ങാത്തം കൂടണമെന്നുമൊക്കെ തോന്നും  പക്ഷെ ആകെക്കൂടെ ഒരുവിറയൽ എന്നെ പൊതിയും. എന്റെ കൂട്ടുക്കാരൻ രമേശാണെകിൽ അവന്റെ സ്വഭാവം വെച്ചു ഇപ്പോൾ ഈ സമയം കൊണ്ട് അവളുമായി ചങ്ങാത്തം കൂടിയേനെ,

 ഇനി ഏകദേശം ഒരു മണിക്കൂർ ,ട്രെയിൻ തൃശൂരിൽ എത്തും എനിക്കവിടെ ഇറങ്ങണം.ഞാൻ വീണ്ടും ആ കുട്ടിയെ നോക്കി.അവൾ തിരിഞ്ഞു കിടന്നിരിക്കുന്നു. ഈ കുട്ടിക്ക് എവിടെയാണാവോ ഇറങ്ങേണ്ടത്. ദൈവമേ ഇനി ഇവിടെയെങ്ങാനുമായിരിക്കുമോ? എവിടേക്കാണെന്നു ഇന്നലെ തന്നെ ചോദിക്കാമായിരുന്നു. ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ചു ചോദിച്ചാലോ? വേണ്ട ഇനിയിപ്പോ ഇവിടെയല്ലെങ്കിൽ ആകെ മോശമാകും.
പുറത്ത് ആകാശം പരപരാ വെളുത്തു തുടങ്ങിയിരിക്കുന്നു. "കാപ്പി - കാപ്പി" കാപ്പി കച്ചവടക്കാരന്റെ ശബ്ദം കേട്ടപ്പോൾ ഒരു കാപ്പി കുടിച്ചാലോ എന്നായി ചിന്ത .എന്തായാലും ഉറങ്ങാത്തതുകൊണ്ട് പല്ലു തേക്കണ്ടല്ലോയെന്ന് തമാശയോടെ ഓർത്തു.കാപ്പിക്കാരന്റെ ശബ്ദം കേട്ടിട്ടാകണം അവൾ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ് ചുറ്റും നോക്കിക്കൊണ്ട് എവിടെയെത്തിയെന്നു തമിഴ് കലർന്ന  മലയാളത്തിൽ എന്നോട് ചോദിച്ചു. പതിനൊന്നു മണിക്കൂർ ഒരുമിച്ച് ഒരു ക്യാബിനിൽ യാത്രചെയ്തിട്ടും ഈ മധുരമായ ശബ്ദം ഇപ്പോഴാണല്ലോ കേൾക്കാൻ കഴിഞ്ഞത് എന്നോർത്തുകൊണ്ട് ഞാൻ പറഞ്ഞു "പാലക്കാട്".

അവൾ ഒരാശ്വാസത്തോടെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി.ഞാൻ രണ്ടു കാപ്പി വാങ്ങി ഒന്ന് അവൾ തിരിച്ചു വന്നപ്പോൾ അവൾക്കു നേരെ നീട്ടി.അവൾ "നോ താങ്ക്സ്" എന്നുപറഞ്ഞു ജനലിനോട് ചേർന്ന് പുറത്തേക്ക് നോക്കിയിരുന്നു.ഞാൻ വീണ്ടും കാപ്പി നീട്ടിക്കൊണ്ട് ഇത് ഞാൻ താങ്കൾക്കായി വാങ്ങിയതാണെന്നു വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.അവൾ അതുവാങ്ങി. ഈ സമയം സൂര്യൻ ഒരു പുഞ്ചിരിയോടെ കിഴക്കേ മാനത്ത് പൊങ്ങിവരുന്നുണ്ടായിരുന്നു.എനിക്ക് വിറയൽ കുറച്ചു കുറഞ്ഞതുപ്പോലെ ഞാൻ ധൈര്യം സംഭരിച്ചു അവളോട് ചോദിച്ചു,എന്താ പേര്?   ഗൗരിനന്ദിനി   അവൾ പേരുപറഞ്ഞു ഹോ എത്ര സുന്ദരമായ നാമം എന്റെ മുത്തശ്ശിയുടെ പേരും ഇതുതന്നെയാണല്ലോ എന്നോർത്തു.എവിടെയാ സ്ഥലം ?  നുങ്കംപാക്കം  എവിടേക്കാണ്  യാത്ര?  തൃശ്ശൂരിലേക്ക് . തൃശ്ശൂരിൽ എവിടേക്കാണെന്നും ആരെ കാണാനാണെന്നും മറ്റും ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ ഞാൻ സംഭരിച്ച ധൈര്യം പോരായിരുന്നു.ഞാൻ വീണ്ടും പുറത്തേക്കു നോക്കിയിരുന്നു.ട്രെയിൻ പാലക്കാട് വിട്ടിരിക്കുന്നു.നമ്മുടെ നാടിന്റെ ഭംഗി പുലർക്കാലത്ത് കാണേണ്ട ഒരു കാഴ്ചതന്നെയാണ്.മഞ്ഞണിഞ്ഞ പുൽനാമ്പുകളിൽ പ്രഭാതകിരണം പതിഞ്ഞു വജ്രം പോലെ തിളങ്ങുന്നു."ഹാ" എന്ത് ഭംഗി എത്ര നാളായി ഇതുകാണാൻ കൊതിക്കുന്നു.ഇടക്കിടെ ഞാനവളുടെ മുഖത്തേക്ക് നോക്കി എന്തോ എനിക്ക് നോക്കാതിരിക്കാനാവുന്നില്ല.എത്ര സുന്ദരമായ മുഖം. ജനലിൽ മുഖംഅമർത്തിക്കൊണ്ട് പുറം കാഴ്ചകൾ കാണുകയാണവൾ. കാറ്റിൽ അവളുടെ മുടിയിഴകൾ തത്തിക്കളിക്കുന്നു.ഇടയ്ക്കിടെ മുഖത്തേക്ക് പാറിവരുന്ന മുടികൾ കൈക്കൊണ്ട് മാടിയൊതുക്കുന്നുമുണ്ട്.

എന്റെ നെഞ്ചിടിപ്പിനു താളം കൂടിക്കൊണ്ടിരുന്നു.എത്ര വർഷങ്ങൾക്കു ശേഷമാണു ഞാനെന്റെ ഗ്രാമത്തിലേക്ക് ചെല്ലുന്നത്.എന്തൊക്കെ മാറ്റങ്ങളായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടായിരിക്കുക.ഞാൻ പോരുമ്പോൾ പരിചയമുണ്ടായിരുന്ന എത്രയെത്ര മുഖങ്ങൾ ഇപ്പോഴവിടെ ഉണ്ടാകില്ല,എത്രയെത്ര പുതുമുഖങ്ങളെ പരിചയപ്പെടേണ്ടിവരും. അമ്പലപ്പറമ്പിൽ ഞങ്ങൾ കൂട്ടുക്കാർ വട്ടം കൂടിയിരിക്കാറുള്ള ആൽത്തറ കഴിഞ്ഞ വർഷം ആൽ മറിഞ്ഞു വീണു പൊളിഞ്ഞെന്നും ആൽ വെട്ടിമാറ്റിയെന്നും ശശിയേട്ടന്റെ കത്തിലുണ്ടായിരുന്നു.ഇപ്പോഴവിടെ ശൂന്യമായിരിക്കുമോ? പുതിയതൊരെണ്ണം വെച്ചുപിടിപ്പിച്ചിട്ടുണ്ടാകുമോ ആവോ? നെഞ്ചിടിപ്പിനു താളം കൂടാൻ വേറൊരു കാരണം കൂടിയുണ്ടായിരുന്നു എന്റെ മുന്നിൽ നിഷ്കളങ്കമായി പുറംകാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്ന ഈ സുന്ദരിക്കുട്ടിയെ തൃശ്ശൂരെത്തുമ്പോൾ പിരിയണമല്ലോ എന്ന ചിന്ത.

ട്രെയിൻ വടക്കാഞ്ചേരിയും പൂങ്കുന്നവും കഴിഞ്ഞു വേഗത കുറഞ്ഞുവരികയാണ്. ഓവർ ബ്രിഡ്ജിനു താഴെക്കൂടെ പോകുമ്പോൾ ഞാൻ മുകളിലേക്ക് നോക്കി.വളരെ കുറച്ച് വാഹനങ്ങളെ പോകുന്നുള്ളൂ നേരം വെളുത്തുവരുന്നതേയുള്ളുവല്ലോ.ഏതാനും നിമിഷങ്ങൾക്ക് ശേഷം മഞ്ഞയിൽ കറുത്ത അക്ഷരം കൊണ്ടെഴുതിയ തൃശ്ശിവപേരൂർ എന്ന ബോർഡ് ഞാൻ കണ്ടു.വണ്ടി വേഗത കുറഞ്ഞു പതുക്കെ പതുക്കെ നിന്നു.ഞാൻ  ലഗ്ഗേജ് എടുത്ത് തിരിഞ്ഞപ്പോഴും അവൾ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. എന്താ ഇറങ്ങുന്നില്ലേ? തൃശൂർ ആയി ഞാൻ ചോദിച്ചു.അവൾ പെട്ടെന്ന് എഴുന്നേറ്റു ഒരു കറുത്ത ബാഗുമെടുത്ത് താങ്ക്‌സ് പറഞ്ഞു പുറത്തേക്കു നടന്നു.ഈ മധുര ശബ്ദം ഇനിയെന്നെങ്കിലും കേൾക്കാൻ സാധിക്കുമോ എന്ന ചിന്തയിൽ ഞാൻ പുറത്ത് കടന്നു ചുറ്റും നോക്കി. അവളതാ ഒരു ബെഞ്ചിൽ ബാഗും വെച്ച് വിഷാദ ഭാവത്തോടെ ചുറ്റും നോക്കുന്നു.കൊണ്ട് പോകാനായി ആരെയും കണ്ടില്ല,ആരോ വരാനുണ്ട് ഇനിയിവിടെ നിന്നിട്ടെന്തു കാര്യം എന്ന ആത്മഗതത്തോടെ ഞാൻ സ്റ്റേഷന് പുറത്തുകടന്നു.

ഓട്ടോ വിളിച്ചു ശക്തൻ സ്റ്റാന്റിൽ വന്നപ്പോൾ ഒരു ചായകുടിച്ചിട്ടാകാം യാത്ര എന്ന് കരുതി അടുത്ത് കണ്ട ഹോട്ടലിൽ കയറി തനി കേരളീയ ഭക്ഷണത്തിനു ഓർഡർ കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുന്നിലതാ നല്ല ആവി പറക്കുന്ന 'പുട്ടും കടലയും'. ചൂടുകൊണ്ട് കുറച്ചുക്കഴിഞ്ഞേ എനിക്കതിൽ തൊടാൻ പോലും കഴിഞ്ഞുള്ളു.ബിൽ  കൊടുത്ത് ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നിടത്തേക്ക് നടക്കുന്നതിനിടയിലാണ് ഞാനതുകണ്ടത് താഴെ തറയിൽ വിവിധതരം കളർചോക്കു കൊണ്ട് ശ്രീകൃഷ്ണന്റേയും ക്രിസ്തുവിന്റേയും മെക്കയുടേയും ചിത്രംവരച്ചുവെച്ചിരിക്കുന്നു കൂടെ ഇത് വരച്ച ഞാൻ ഊമയാണ് സഹായിക്കണം എന്ന കുറിപ്പും.കുറച്ചു നേരത്തേക്ക് ഞാനാ ചിത്രം നോക്കി നിന്ന് പോയി.എത്ര മനോഹരമായാണ് ആ കലാകാരൻ അത് വരച്ചിരിക്കുന്നത്.കുറച്ചു സമയത്തിന് ശേഷം തിരക്കുകൂടുമ്പോൾ ചവുട്ടി മാഞ്ഞുപോകുമല്ലോ എന്ന ചിന്തയോടെ ഒരു പത്തു രൂപയെടുത്ത് അദ്ദേഹത്തിനു നൽകി ഞാൻ തിരിഞ്ഞു ബസ്സുകളുടെ ബോർഡ് നോക്കി നടന്നു.ആദ്യമായിരുന്നെങ്കിൽ ബോർഡ് നോക്കേണ്ട ആവശ്യമില്ലായിരുന്നു,ബസ്സുകളുടെ കളർ കണ്ടാൽ തിരിച്ചറിയാമായിരുന്നു.ഇപ്പോൾ ഇത്ര വര്ഷങ്ങള്ക്കു ശേഷം.

ആ സമയത്ത് എന്റെ ഗ്രാമത്തിലേക്ക് ബസ്സുണ്ടായിരുന്നില്ല.അടുത്ത ജംഗ്‌ഷനിലേക്കുള്ള ബസ്സിൽ കയറി അവിടെയിറങ്ങി.എത്ര മാറിയിരിക്കുന്നു ഇവിടം.ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു വലിയതൊരെണ്ണം പണിതിരിക്കുന്നു.കിഴക്കു ഭാഗത്ത് ഞങ്ങൾ ബസ് കാത്തു നിൽക്കുന്നതിനടുത്തുണ്ടായിരുന്ന കടകൾ പൊളിച്ചു മൈതാനം പോലെയിട്ടിരിക്കുന്നു,അവിടെയും ഉടനെയൊരു കെട്ടിടം ഉയരുമായിരിക്കും.ഇവിടെ നിന്നും നടന്നു പോകാനുള്ള ദൂരമേ ഉള്ളൂവെങ്കിലും ഒരു ഓട്ടോ വിളിച്ചു. വീടിനടുത്തെത്താറായപ്പോൾ നെഞ്ചിടിപ്പിന്റെ താളം വീണ്ടും കൂടി.എല്ലാവരെയും നേരിട്ട് കാണുവാനുള്ള ഒരു ആകാംക്ഷ .

ഓട്ടോയിൽ നിന്നുമിറങ്ങി ചാർജ് കൊടുത്ത് വീട്ടിലേക്കുള്ള പടികൾ കയറുമ്പോൾ വലതുവശത്തേക്ക് നോക്കി.പോകുമ്പോൾ നട്ടിരുന്ന ചെമ്പക തൈ അവിടെയില്ല പകരം ആ സ്ഥാനത്തു ഒരു വലിയ മരം.ഇനി അതെങ്ങാനും ഉണങ്ങിപോയിട്ടുണ്ടാകുമോ? മുകളിക്കു നോക്കിയ എനിക്ക് ആശ്ചര്യമടക്കാനായില്ല.ചെമ്പകത്തൈ വളർന്നു വലിയ മരമായിരുന്നു.അവയുടെ ഇലകൾ കാറ്റിൽ ഇളകിക്കൊണ്ടേയിരിക്കുന്നു.അവയെന്നെ സ്വാഗതം ചെയ്യുകയാണെന്നു തോന്നി.ഞാൻ പതുക്കെ ഒതുക്കുകൾകയറി മുറ്റത്തെത്തി.പൂമുഖത്താരേയും കാണാനില്ല.എന്റെ വരവ് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല.പൂമുഖത്തേക്ക് കയറിയപ്പോഴാണു അതെന്റെ ശ്രദ്ധയിൽപ്പെട്ടത് ആ കറുത്ത ബാഗ്.അതിവിടെ?! ഒരു വലിയ സർപ്രൈസ് അവിടെയെന്നെയും കാത്തിരിക്കുണ്ടായിരുന്നു.

ഞാൻ അമ്മയെ വിളിച്ചു,അകത്ത്  അമ്മയുടെ ശബ്ദം.മോളെ പുറത്താരോ  വന്നിട്ടുണ്ട് ആരാണെന്നു നോക്ക്.വാതിൽ തുറന്നത് അനിയത്തിയായിരുന്നുന്നെ കണ്ടതും അമ്മേ ദേ ഏട്ടൻ എന്നുവിളിച്ചു പറഞ്ഞുകൊണ്ട് ഓടി വന്നു.അമ്മയുടെ മുഖം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.ഏറെ നാളുകൾക്കു ശേഷം മകനെ കണ്ടപ്പോഴുള്ള മാതൃവാത്സല്യം എനിക്കവയിൽ വായിക്കാമായിരുന്നു.കുറച്ചുനേരത്തേക്കു എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.എന്റെ ആകാംഷ ഗദ് ഗദമായി തൊണ്ടയിൽ തടഞ്ഞിരിക്കുന്നു. ഏറെ നേരത്തിനു ശേഷം ഞാൻ ചോദിച്ചു അമ്മേ  ഈ ബാഗ്?അതോ, അതൊക്കെയുണ്ട് നീ വാ.വാതിൽ കടന്നതും ഞാനൊന്ന് ഞെട്ടി,അവൾ ഞാൻ ട്രെയിനിൽ വെച്ചു കണ്ട ആ സുന്ദരിക്കുട്ടി എന്റെ വീട്ടിൽ സെറ്റിയിൽ ഇരിക്കുന്നു.എന്നെ കണ്ടതും ഒരു പുഞ്ചിരിയോടെ എഴുന്നേറ്റവൾ ഹലോ പാഞ്ഞു.തിരിച്ചൊന്നും പറയാൻ പോലും നിൽക്കാതെ ഞാനെന്റെ പഴയ റൂമിലേക്കു നടന്നു.അവളെന്താ ഇവിടെ,ഇനി വല്ല ഫ്രോഡുമായിരിക്കുമോ?രാത്രിയെങ്ങാനും എന്റെ ബാഗിൽ നിന്നും അഡ്രസ് എടുത്ത് ഇവിടെയെത്തിയതാകുമോ? ഏയ് അങ്ങനെയാവില്ല.ഒരു നൂറു ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി.  

 ഏട്ടാ.. പിന്നിൽനിന്നും അനിയത്തിയുടെ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്.കൂടെ ആ സുന്ദരിക്കുട്ടിയും.ഏട്ടന് ഈ കുട്ടിയെ മനസ്സിലായോ? നമ്മുടെ ദാസനങ്കിളിന്റെ മോളാ  ഗൗരിനന്ദിനി.ഇവൾ നമ്മളെയെല്ലാം കാണാൻവന്നിരിക്കുകയാ. ഹോ കളികൂട്ടുകാരിയാണെന്നറിഞ്ഞപ്പോൾ ചെക്കന്റെ മുഖത്തെ വെളിച്ചം കണ്ടില്ലേ ഇനി പെണ്ണന്വേഷിച്ച് എവിടേം പോകണ്ടല്ലോ അനിയത്തിയുടെ ആ കളിയാക്കൽ ഒരു കോരിത്തരിപ്പോടെ യാണ് ഞാൻ കേട്ടത്.ഞാൻ ബഹുമാനത്തോടെ അങ്കിളെന്നു വിളിച്ചിരുന്ന അച്ഛന്റെ കൂട്ടുക്കാരൻ ഭവദാസന്റെ മകൾ.മനസ്സിലെ ആൽബത്തിന്റെ ഏടുകൾ ഒന്നൊന്നായി മറിച്ചു.അതിന്റെ ഒരു കോണിലതാ സുന്ദരിയായ ഒരു യുവതി.ഞാൻ അമ്മയെ പോലെ സ്നേഹിച്ചിരുന്ന ലീലാന്റി. ഈശ്വരാ ഈ മുഖമാണല്ലോ ഞാനിന്നലെ റയിൽവേ സ്റ്റേഷനിൽ കണ്ടത്.എന്നിട്ടും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ലാലോ.ഇന്നലെ തന്നെയിവളോട് കൂടുതൽ കാര്യങ്ങൾ ചോദിക്കാമായിരുന്നു.എങ്കിൽ ഒരുമിച്ചൊരു  വീട്ടിലേക്ക് വരേണ്ടവർ അപരിചിതരായി ഒരേ ക്യാബിനിൽ വരേണ്ടിവരില്ലായിരുന്നു.പിന്നീടങ്ങോട്ടുള്ള എല്ലാ യാത്രയും ഞങ്ങളൊരുമിച്ചായിരുന്നു.നാടിന്റെ പച്ചപ്പും കുളിരും ആസ്വദിച്ച് വർഷങ്ങൾക്കു ശേഷം നാട്ടിൽ വരുന്ന ഞാനും ആദ്യമായ് നാട്ടിലെത്തിയ നന്ദിനിയും,എനിക്ക് കുറെ ആളുകളെ പരിചയപ്പെടാനും ഓർമ പുതുക്കാനുമുണ്ടായിരുന്നു കൂടെ നന്ദിനിയെ പരിചയപ്പെടുത്താനും.

തിരിച്ചു മദ്രാസിലേക്ക് പോയതും ഞങ്ങളൊരുമിച്ചായിരുന്നു. സന്തോഷകരമായ ഒരു യാത്രക്കൊടുവിൽ ഞങ്ങൾ മദ്രാസ് സെൻട്രലിൽ വണ്ടിയിറങ്ങി പുറത്തുക്കടന്ന് ഒരു ഓട്ടോ വിളിച്ചു.സാധാരണ ചാർജ് പറഞ്ഞുറപ്പിച്ചതിനു ശേഷമേ കയറാറുള്ളൂവെങ്കിലും നന്ദിനിയുടെ മുന്നിൽ കൊച്ചാകരുതല്ലോ എന്ന് കരുതി വണ്ടിയിൽ കയറി.എന്റെ ആദ്യത്തെ ജോലി നന്ദിനിയെ അവളുടെ വീട്ടിലെത്തിക്കുകയും ലീലാന്റിയെ കാണുക എന്നുള്ളതാണ്.നുങ്കംപാക്കത്ത് അവരുടെ ചെറിയ വീട്ടിൽ നന്ദിനിയെ പുറത്തു നിർത്തിയിട്ട് കയറിച്ചെന്നു പതുക്കെ വാതിലിൽമുട്ടി.ആന്റി വാതിൽ തുറക്കുമ്പോൾ ആരാ എന്തുവേണമെന്നും ചോദിക്കുമ്പോൾ ഒരു ചെറിയ നുണ പറയണമെന്നും മനസ്സിലുണ്ടായിരുന്നു.പക്ഷെ എന്നെ ആശ്ചര്യപെടുത്തിക്കൊണ്ടായിരുന്നു ആന്റിയുടെ പ്രതികരണം.ആ.. സുനിമോനോ കയറി വാ നന്ദിനിയെവിടെ? ആന്റിക്കെങ്ങനെ ഇത്രപെട്ടെന്ന് മനസിലായി എന്നു അന്തംവിട്ടു നിന്ന എന്റെ ചിന്തയെ മുറിച്ചുകൊണ്ട് ആന്റി പറഞ്ഞു,നിങ്ങൾ ട്രെയിനിൽ വെച്ചു കണ്ടുമുട്ടിയതു മുതലുള്ള കഥകൾ നന്ദിനിയെന്നോട് ഫോണിൽ പറഞ്ഞിരുന്നു. പിന്നെ സുമചേച്ചി നിന്നെ പ്രസവിച്ചെന്നല്ലേയുള്ളൂ പത്തുവയസ്സുവരെ നീ കളിച്ചതും വളർന്നതും എന്റെമുന്നിലല്ലേ.നിന്നെ സ്‌കൂളിൽ കൊണ്ടുപോയിരുന്നതുപോലും ഞാനായിരുന്നു.ആന്റിയുടെ മുഖം പഴയകാര്യങ്ങളോർത്തിട്ടാകണം മ്ലാനമായി.ശരിയായിരുന്നു പാടവരമ്പിലൂടെ ഒരു യുവതിയുടെ കയ്യുംപിടിച്ചു മറുകയ്യിൽ സ്ളേറ്റും പെൻസിലുമായി നെൽക്കതിരുകളേയും പുല്ലുകളേയും നോവിച്ചും തലോടിയും നടക്കുന്ന ഒരു കുട്ടിയുടെ അവ്യക്തമായ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു.പിന്നീടെപ്പോഴോ ദാസനങ്കിളിനു സ്ഥലമാറ്റമായി സകുടുംബം മദ്രാസ്സിനു പോയി.കുറച്ചു നാളത്തേക്ക് എഴുത്തിലൂടെ പരസ്പരം വിശേഷങ്ങളറിയാറുണ്ടായിരുന്നെങ്കിലും പിന്നീടിപ്പോഴോ അതും നിലച്ചു.
എന്താ സുനി നീയാലോചിക്കുന്നത് നന്ദിനിയെവിടെ? ആന്റിയുടെ ശബ്ദം എന്റെ ഓർമകളെ മുറിച്ചു.ഞാൻ തെല്ലൊരു ജാള്യതയോടെ തിരിഞ്ഞു നന്ദിനിയെ വിളിച്ചു ഇങ്ങുകയറിപോരെടോ തന്റെ അമ്മയെന്നെ കണ്ടുപിടിച്ചിരിക്കുന്നു.അവൾ ചിരിച്ചുകൊണ്ട് കയറിവന്നു. ആന്റിയെനിക്ക് കഴിക്കാൻ ചായയും പൂരിയും തന്നു. പൂരിയുടെ കൂടെയുണ്ടായിരുന്ന കുറുമാക്കറിക്ക് നല്ല സ്വാദ്,അമ്മയുണ്ടാക്കുന്ന അതേ സ്വാദ്. ആന്റി ഇപ്പോഴും കേരള സ്റ്റൈലുകളൊന്നും മറന്നിട്ടില്ല എന്ന് തോന്നുന്നു,ഞാൻ വെറുതെയൊരു ഭംഗിവാക്ക്‌ ചോദിച്ചു.പക്ഷെ അതിനുള്ള മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു."ഒരു മലയാളിക്കും അയാളെവിടെ പോയാലും എത്ര ഉയരങ്ങളിൽ എത്തിയാലും തന്റെ നാടിനെയും നാടിന്റെ സംസ്കാരത്തെയും മറക്കാനാവില്ല,അങ്ങിനെ മറന്നാൽ പെറ്റമ്മയെ മറക്കുന്നതിന് തുല്യമായിരിക്കുമത്".  ഇത്രയേറെ ജന്മനാടിനെ സ്നേഹിക്കുന്ന ആന്റി ഇത്രയും വർഷങ്ങൾക്കുള്ളിൽ എന്തുകൊണ്ട് ഒരുപ്രാവശ്യമെങ്കിലും നാട്ടിൽ വന്നില്ല നാടിനെ കുറിച്ചന്വേഷിച്ചില്ല എന്നു ചോദിക്കണമെന്നുണ്ടായിരുന്നു ആന്റിയെ വിഷമിപ്പിക്കേണ്ടയെന്നു കരുതി വേണ്ടെന്നുവെച്ചു.പിന്നീടുള്ള എന്റെയെല്ലാ ഒഴിവു ദിവസങ്ങളും അവിടെയായിരുന്നു ചെലവഴിച്ചിരുന്നത്.

രാവിലെ മൊബൈൽ ബെല്ലടിക്കുന്നതു കേട്ടാണുണർന്നത്.നാളെ ഞായറാഴ്ചയാണല്ലോ വൈകിയുണർന്നാൽ മതിയല്ലോ എന്നു കരുതിയാണ് തലേന്നുറങ്ങാൻ കിടന്നത്.ഉറക്കത്തിനു ഭംഗം വരുത്തിയാളെ മനസ്സാ ശപിച്ചുകൊണ്ട് ഫോണെടുത്തു ഡിസ്‌പ്ലേയിൽ നോക്കി,ആന്റിയുടെ നമ്പറായിരുന്നു അതിൽ.വേഗം ഓൺ ചെയ്ത് ഹലോ പറഞ്ഞതിനു മറുപടിയായി ഒരു നിലവിളിയായിരുന്നു ചെവിയിൽ വന്നലച്ചത്. "മോനെ സുനി നന്ദിനിമോള്.... കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ഫോൺ കട്ടായി.ഉടനെയെഴുന്നേറ്റു പാലുപോലും തേക്കാൻ നില്കാതെ ബൈക്കുമെടുത്ത് ആന്റിയുടെ വീട്ടിലേക്കു പാഞ്ഞു.റോഡിലെങ്ങും തിക്കും തിരക്കും.എന്തായിരിക്കും നന്ദിനിക്ക് സംഭവിച്ചിട്ടുണ്ടാവുക എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ. ട്രാഫിക് ബ്ലോക്കുകളിൽ ഉന്തിയും കുത്തികയറ്റിയും ഒരുവിധം ആന്റിയുടെ വീട്ടിലെത്തി.ആന്റി ബോധമില്ലാത്ത പോലെ കണ്ണുംതുറന്നു അകലേക്ക് നോക്കിയിരിക്കുകയാണ് ,അടുത്ത ഫ്ളാറ്റിലെ ആളോട് കാര്യം തിരക്കി.സുമാത്ര ദ്വീപിനു സമീപമുണ്ടായ സമുദ്ര ഭൂകമ്പത്തിന്റെ പ്രതിധ്വനി സുനാമി തിരമാലകളായി മറീനബീച്ചിൽ ആഞ്ഞടിച്ചിരിക്കുന്നു.രാവിലെ കൂട്ടുകാരികളുമായി നന്ദിനി ബീച്ചിലേക്ക് പോയിരുന്നു.


എന്റെ കൈകാലുകൾ തളരുന്നു,ഹൃദയത്തിന്റെ സ്പന്ദനം കുറയുന്നു,ആകാശത്തിനും ഭൂമിക്കുമിടയിലുള്ള സർവ്വ ജീവജാലങ്ങളും എന്റെ മുന്നിൽ കീഴ്‌മേൽ മറിയുന്ന പോലെ.എനിക്കെവിടെയെങ്കിലും ഒന്നിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....ആരെങ്കിലും എന്നെയൊന്നു താങ്ങിപിടിച്ചിരുന്നെങ്കിൽ.....ദൈവമേ എനിക്കൊന്നനങ്ങാൻ പോലുമാകുന്നില്ലലോ.... കുറച്ചു നേരത്തെ ആ ഷോക്കിനു ശേഷം സുബോധം വീണ്ടെടുത്ത ഞാൻ ആന്റിയുടെ മുഖത്തേക്കു നോക്കി. മുഖത്തു കണ്ണുനീർ ചാലുകൾ ഉണങ്ങിയിരിക്കുന്നു. എന്താണവരുടെ കണ്ണുനീർ വറ്റിയ ആ കണ്ണുകളിൽ,ഭയമോ വേദനയോ അതൊ നിർവികാരതയോ ? ഞാൻ ധൈര്യം വീണ്ടെടുത്ത് അന്വേഷണത്തിനായി ഇറങ്ങി. സൈറൺ മുഴക്കിക്കൊണ്ട് പോകുന്ന പോലീസ് വാഹനങ്ങൾ,പേടിപെടുത്തുമാറ് അപായമണിമുഴക്കിക്കൊണ്ട് ചീറിപ്പായുന്ന ഫയർ ഫോഴ്‌സ്, ആംബുലൻസ് വാഹനങ്ങൾ. റോഡിലെങ്ങും തിക്കും തിരക്കും.ഞാൻ ബീച്ചിനോടടുത്തു,വശ്യചാരുത കൊണ്ടും നനുത്ത കടൽക്കാറ്റുകൊണ്ടും ആരുടേയും മനം കവർന്നിരുന്ന ബീച്ചിപ്പോൾ യുദ്ധക്കളം പോലെയായിരിക്കുന്നു.എനിക്ക് ചുറ്റും ഉയരുന്ന ദീനരോധനങ്ങൾ,മക്കളെ നഷ്ടപെട്ട മാതാപിതാക്കളുടെ,അച്ഛനമ്മമാരെ നഷ്ടപെട്ട മക്കളുടെ,ഒറ്റ നിമിഷം കൊണ്ട് ഒന്നുമില്ലാണ്ടായവരുടെ കരച്ചിലുകൾ.കലങ്ങിമറിയുന്ന തിരമാലകളിൽ തങ്ങളുടെ തിരയുന്നഉറ്റവരെ തേടുന്നവർ,ആ കാഴ്ചകൾ കണ്ടു നിൽക്കുവാനുള്ള കരുത്തെനിക്കില്ലായിരുന്നു.

ഞാൻ ബീച്ചിനു എതിർവശത്തുള്ള ഡിജിപി ഓഫീസിനു മുന്നിലെത്തി കാര്യങ്ങളണന്വേഷിച്ചു,ഞായറാഴ്ച  ആയതിനാൽ  ആളുകൾ വന്നു തുടങ്ങുന്നുണ്ടായിരുന്നുള്ളൂ.പ്രഭാത സവാരിക്കിറങ്ങിയവരും,ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികളുമായിരുന്നു കൂടുതൽ. കടൽ കുറച്ചു ഉള്ളിലോട്ട് വലിഞ്ഞും പതിവിലും ഉയരത്തിൽ തിരമാലകൾ അടിച്ചും കൊണ്ടിരുന്നിരുന്നു.പലരും അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണതു സംഭവിച്ചത്, ഉയർന്നു വന്ന തിരമാലകൾ കടൽ കരയാകെ ഛിന്നഭിന്നമാക്കി.കൂടുതൽ കേൾക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു. ഞാൻ ബീച്ചിനടുത്തേക്കു നടന്നു.കടലിന്റെ ഗർജനം എൻറെ  കർണപുടങ്ങളിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു.കരയിൽ തകർന്നടിഞ്ഞ സാധനസാമഗ്രികൾക്കുള്ളിൽ രക്ഷാപ്രവത്തനം നടത്തുന്ന പോലീസും രക്ഷാപ്രവർത്തകരും. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോൾ അത് തങ്ങളുടെ ഉറ്റവരുടെയാണോ എന്നു നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്ന ആളുകൾ. ഞാനും അവരിലൊരാളായി,എനിക്കപ്പോഴതിനെ കഴിഞ്ഞിരുന്നുള്ളൂ.

എന്റെ നന്ദിനിക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? അവളും ഈ ദുരന്തത്തിൽ പെട്ടിട്ടുണ്ടാകുമോ? ഈശ്വരാ അങ്ങനെയൊന്നും സംഭവിക്കരുതേ.. ഞാൻ എല്ലാ ഈശ്വരന്മാരെയും വിളിച്ചു പ്രാർത്ഥിച്ചു. മൊബൈൽ അടിക്കുന്നത് കേട്ടാണ് പ്രാർത്ഥനയിൽ നിന്നും ഉണർന്നത്. അപ്പുറത്ത് സുഹൃത്ത് സുമേഷായിരുന്നു.നന്ദിനിയുടെ ഒരു കൂട്ടുകാരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഒരു നേരിയ പ്രതീക്ഷ  എന്നിലുദിച്ചു ഉടനെയങ്ങോട്ടു തിരിച്ചു.അവരിൽ നിന്നും കാര്യങ്ങളറിഞ്ഞപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചു.അവർ നാലുപേർ ചേർന്നാണ് ബീച്ചിലേക്ക് പോയത്.സൂര്യോദയവും കണ്ട്,കടൽകാറ്റേറ്റ് ഇരുന്നപ്പോൾ കൊറിക്കുവാനായി കടല വാങ്ങാൻ പോയി തിരിച്ചുവന്ന അവൾ കണ്ടത്  ആഞ്ഞടിച്ചുവന്ന തിരമാല അവരെ വിഴുങ്ങുന്ന കാഴ്ചയാണ്.പ്രാണരക്ഷാർത്ഥം നിലവിളിക്കുന്നവരുടെ ശബ്ദം. പിന്നെയൊന്നും അവൾക്കോർമ്മയില്ലായിരുന്നു.ഓർമ്മ വരുമ്പോൾ ഹോസ്പിറ്റലിലും. അവളുടെ വാക്കുകൾ സുനാമി തിരമാലപ്പോലെ എന്റെ കാതുകളിൽ വീണ്ടും വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്റെ നന്ദിനിയെ തിരമാല വിഴുങ്ങിയിരിക്കുന്നു.അതുവരെ കടലിനെ സ്നേഹിച്ചിരുന്ന,അതിന്റെ ഭംഗി ആസ്വദിച്ചിരുന്ന ഞാനതിനെ ആ നിമിഷം മുതൽ  വെറുക്കാൻ തുടങ്ങി.കടലിനു അമ്മയുടെ രൂപം മാത്രമല്ല ഉഗ്രരൂപിയായ കാലന്റെയും ജന്മമെടുക്കാൻ കഴിയുമെന്നെനിക്കു മനസ്സിലായി. അല്ലെങ്കിൽ ആ മടിത്തട്ടിൽ ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കഴിഞ്ഞിരുന്ന എത്ര കുടുംബങ്ങളെയാണ് ഒരു മാത്ര കൊണ്ടില്ലാതാക്കിയത്. എത്രയെത്ര കുഞ്ഞുങ്ങളെയാണ് അനാഥരാക്കിയത്,എത്രയെത്ര അമ്മമാർ സ്വന്തം ജീവനേക്കാളേറെ സ്നേഹിച്ചിരുന്ന മക്കളെയാണ് ഒറ്റ നിമിഷം കൊണ്ടില്ലതാക്കിയത്. തിരിച്ചു വന്നു കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്കുള്ളിൽ, സർവ്വവും നഷ്ടപ്പെട്ട് ജീവച്ഛവങ്ങളെ കഴിയുന്ന അഭയാർത്ഥി ക്യാമ്പുകളിൽ ഞാനെന്റെ നന്ദിനിയെ അന്വേഷിച്ചു നടന്നു. പക്ഷെ എവിടെയവൾ?
പങ്കായം നഷ്ടപെട്ട തോണിക്കാരനെ പോലെ,അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെ പോലെ ഞാൻ ഉഴലുകയാണ്. ഓരോ തിരമാല വന്നണയുമ്പോഴും ഞാനതിലവളെ തിരയും.
ഒരു കൊച്ചു വള്ളത്തിൽ,കയ്യിൽ ഒരു കൂടപ്പൂക്കളുമായി,ഒരു ചെറുപുഞ്ചിരിയോടെ അവൾ വരുമെന്ന പ്രതീക്ഷയോടെ.....





Tuesday, 4 August 2015

ചെരുപ്പ്

                                         


                                                                       



'അത്' കടയിലിരുന്നപ്പോൾ എല്ലാവരുടേയും നോട്ടം അതിലേക്കായിരുന്നു. ആരും കൊതിച്ചു പോകുന്ന ഒന്ന്.ഞാൻ സ്വന്തമാക്കിയതിനു ശേഷം പിന്നെ ആരും എന്റെ മുഖത്തേക്കു നോക്കിയിട്ടിയില്ല എല്ലാവരുടെയും നോട്ടം എന്റെ കാലുകളിലേക്കായിരുന്നു.അതിലെനിക്കു കുറച്ചു അഹംഭാവവും പരിഭവവും ഇല്ലാതിരുന്നില്ല ,എന്നാൽ കുറച്ചു  മുൻപു മുതൽ ആരും അതിനെ ശ്രദ്ധിക്കുന്നില്ല.എല്ലാവരുടെയും നോട്ടം എന്റെ മുഖത്തേക്കും ചർച്ച എന്നെക്കുറിച്ചുമായിരിക്കുന്നു കാരണം  കുറച്ചു  മുൻപു അത് "എന്നാൽ " വലിച്ചെറിയപ്പെട്ടത് അവരുടെ പ്രിയപ്പെട്ട നേതാവിന്റെ   നേർക്കായിരുന്നല്ലോ....

Saturday, 19 January 2013

മരണമെന്ന മാരണം

മര്‍ത്യാ നീയെന്തിനു ഭയക്കുന്നു, ജനിച്ചാലോരിക്കല്‍ മരിക്കുമെന്നറിയില്ലയോ ?
മനുഷ്യനീ ലോകത്തില്‍ ഭയമെന്നതോന്നുണ്ടെങ്കിലതു മരണത്തെ മാത്രമാണെന്നോര്‍ക്ക

കരഞ്ഞു കൊണ്ടീ ഭൂമിയില്‍ പിറക്കും മാനവര്‍,കരയിക്കുന്നു മരണത്തിലൂടെയേറെ പേരെ..
കാലത്തിന്‍ ചിറകിലേറി മനുഷ്യര്‍ പുരോഗമനത്തിന്‍ പാതയിലേറെ മുന്നേറുന്നു.

മാരണമാണിപ്പോള്‍ മനുഷ്യന് മരണം അതിനെ മാറ്റി നിര്‍ത്താന്‍ കഴിയുമോയെന്നറിയട്ടെ
മനസ്സിലിട്ടു കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കും മാനവരതിനു മുന്‍പേ മരിച്ചു പോകുന്നു

അങ്ങനെയാ അധ്യായമാവിടെയവസാനിക്കും മാനവര്‍ പിന്നെയും അന്വേഷണങ്ങള്‍ തുടരും
അന്വേഷണങ്ങള്‍ക്ക് അവസാനമില്ലെന്നോര്‍ക്കുക മരണം മനുഷ്യനെ കീഴ്പെടുത്തുക തന്നെ ചെയ്യും

ഭാഗ്യദോഷം



ഏതോ മൂകസന്ധ്യയിലാരോ പാടി,
ഏഴായിരം പിശാചുക്കള്‍ അതേറ്റുപാടി
മനുഷ്യരാശിതന്‍ നാശമടുത്തു
മാനവര്‍ തമ്മില്‍ തല്ലി മരിച്ചു

പിശാചുക്കള്‍ ഭൂവിലിറങ്ങി
പിച്ചവെക്കും പൈതങ്ങളതുകണ്ട് ഭയന്നു
മനുഷ്യരാശിതന്‍ അടിത്തറയിളകി ധര്‍മ്മവും നീതിയും ഇളകിത്തെറിച്ചു
മതത്തിനോ മണ്ണിനോ വേണ്ടി മനുഷ്യര്‍ തമ്മില്‍ കലഹം

കലിയുഗത്തിന്‍ കാളിമയില്‍ മനുഷ്യര്‍ മുങ്ങിക്കുളിച്ചു
ധര്‍മ്മ അധര്‍മ്മ നീതി അനീതികള്‍ തമ്മിലേറ്റ് മുട്ടുന്നു
ആത്മമിത്രങ്ങള്‍,ബന്ധുക്കള്‍,കൂടപ്പിറപ്പുകള്‍ തമ്മിലേറ്റ് മുട്ടുന്നു
ഇവിടെയോ അധര്‍മ്മം ജയിക്കുന്നു അനീതി നിലന്നില്‍ക്കുന്നു

ചൂടിനാല്‍ ഭൂമി വരളുന്നു,
ചുടു നിണത്താല്‍ ഭൂമി കുളിക്കുന്നു
ഭൂ നിലങ്ങള്‍ വെട്ടി മുറിക്കപ്പെടുമ്പോള്‍
ഭൂമിതന്‍ ആര്‍ത്തനാദം ആര് കേള്‍ക്കാന്‍ ?

കാറ്റിന്‍ വേഗത്തില്‍ മനുഷ്യര്‍ കാലത്തെ മറിക്കടക്കുന്നു
കലിയുഗത്തില്‍ ജീവിക്കും മാനവര്‍ കാരണമില്ലാതെയും കലഹിക്കുന്നു
ആര്‍ക്കുവേണ്ടിയെന്തിനുവേണ്ടിയെന്നറിഞ്ഞുക്കൂടാ
ആര്‍ക്കും ആരോടും പകയില്ലതാനും

അന്ധനും മൂകനും ബധിരനുമുള്ളീ ഭൂവില്‍
ആരും അന്ധമൂകബധിരരുമല്ലതാനും
മരണം മനുഷ്യനെ മറ്റൊരു ലോകത്തെത്തിക്കും
മനുഷ്യര്‍ അവിടെയും കലഹിക്കില്ലെന്നെന്തുറപ്പ്?

മരണം ഒരിക്കലെ സംഭവിക്കുകയുള്ളൂവെന്നതിനാല്‍
മരണത്തെ ഭയമില്ലാത്തവരുമുണ്ടി ഭൂമിയില്‍
ഭാവി പ്രവചിക്കാന്‍ പറ്റിയവരാരും ഭൂമിയിലില്ലയെന്നതൊരു നഗ്ന സത്യം
ഭാവിത്തലമുറയെന്തു ചെയ്തുയിതിനെല്ലാം ഭാഗ്യദോഷം എന്നെല്ലാതെ എന്തുചൊല്ലാന്‍

Sunday, 6 January 2013

അമ്മതന്‍ പൊന്‍മക്കള്‍



അമ്മതന്‍ പൊന്‍മക്കള്‍

അമ്മ കരയുന്നു മനം പൊട്ടിക്കരഞ്ഞിടുന്നു അമ്മതന്‍ കണ്ണുനീര്‍ ധാരയായ് ഒഴുകുന്നു 
തിന്മയെ വാരിപുണര്‍ന്നു മക്കള്‍ അമ്മതന്‍ നെഞ്ചില്‍ ചവുട്ടി നടന്നകലുന്നു
ശാന്തിയെങ്ങും നിറഞ്ഞൊരു നാളില്‍, നന്മയെങ്ങും വിളഞ്ഞൊരീ മണ്ണില്‍
സ്നേഹത്തിന്‍ മുത്തുകള്‍ മുളച്ചൊരീ നാട്ടില്‍, അത് പടര്‍ന്നു പന്തലിച്ചൊരീ ഭൂവില്‍ 
ദുഷ്ടനാം ചെകുത്താനിന്‍ പിറകില്‍ അമ്മതന്‍ മക്കളും തുള്ളിച്ചാടി മറിഞ്ഞിടുന്നു 
"മുത്തശ്ശി" കഥ പറഞ്ഞൊരീ നാട്ടിലിപ്പോള്‍ തോക്കുകള്‍ പീരങ്കികള്‍ കഥ പറയുന്നു
ശാന്തിയെ കയ്യിലെടുത്തു അമ്മാനമാടും ചിലര്‍ അവിടെയശാന്തി വന്നുന്നിറയുവോളം
നന്മയും സ്നേഹവും കാരുണ്യവുമെല്ലാം മക്കളില്‍ നിന്നെങ്ങുപ്പോയെന്നമ്മക്കറിഞ്ഞുകൂടാ
എന്നെങ്കിലുമൊരു നാള്‍ മക്കള്‍തന്‍ മനം മാറും വീണ്ടും ശാന്തിയും സ്നേഹവും നന്മയും പൊട്ടി മുളക്കും
അമ്മ മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കുന്നു മക്കളോടായി കെഞ്ഞുന്നു 'നിര്‍ത്തുക' നിങ്ങളീ കോലാഹലങ്ങള്‍
പരസ്പരം സ്നേഹിക്ക നിങ്ങള്‍ ഏവരെയും വിദ്വേഷം മറന്നെല്ലാം
ഭാഷാ വേഷ ഭൂഷാതി വിവേചനമില്ലാതെ ഏവരും നിങ്ങള്‍തന്‍ സോദരരല്ലോ
മക്കള്‍ തന്‍ വിദ്വേഷം കണ്ടുനില്‍ക്കാനമ്മക്കാവില്ല അമ്മയ്ക്കും നോവുമെന്നോര്‍ക്ക നിങ്ങള്‍
നിങ്ങളെല്ലാം എന്‍ പൊന്‍മക്കള്‍ ഭൂമിമാതാവെന്നയെന്‍ പൊന്‍മക്കള്‍