Sunday, 8 October 2017

വാർദ്ധക്യം

കുറെ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഞാൻ അയാളെ കാണുന്നത്.ഒറ്റനോട്ടത്തിൽ ആളെ മനസിലാവാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും അടുത്തനിമിഷം ഞാനയാളെ തിരിച്ചറിഞ്ഞു.കുഴിഞ്ഞൊട്ടിയ കവിളുകളും ഉള്ളിലേക്കു വലിഞ്ഞു രണ്ടു കുഴികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണുകളും, മെഡിക്കൽ കോളേജുകളുടെ പഠനമുറിയിൽ വെച്ചിട്ടുള്ള അസ്ഥികൂടങ്ങളെ വെല്ലുന്ന കോലവുമായ് അയാൾ മുന്നിൽ.വർഷങ്ങൾക്ക്  മുൻപ് കാണുമ്പോൾ എത്ര ആരോഗ്യവാനും സുന്ദരനുമായിരുന്നു. അന്നയാൾക്കു പറയാനുണ്ടായിരുന്നത് സന്തോഷപൂർവ്വമായ അയാളുടെ  ജീവിതത്തെ കുറിച്ചായിരുന്നു.ഇന്നെന്താണ് ഇത്ര മൗനം?!!

വാർദ്ധക്യം മനുഷ്യന് കഴിഞ്ഞകാല ജീവിതത്തിലെ കയ്‌പ്പേറിയതും മധുരമേറിയതുമായ ജീവിതാനുഭവങ്ങളെ തുലനം ചെയ്യാൻ ദൈവം നൽകിയ ഒന്നാണ് എന്നിങ്ങനെ കാടുകയറി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണു "അപ്പൂപ്പാ" എന്ന വിളിയുമായി കൊച്ചുമോന്റെ വരവ്.

 ഓ.. ഞാനും ഈ വാർദ്ധക്യത്തിന്റെ പിടിയിലാണല്ലോ എന്നപ്പോഴാണോർത്തത് ..

സലീം വലിയകത്ത് 

No comments:

Post a Comment