Tuesday, 10 October 2017


അമ്മേ.. ഞാനെന്റെ വീട്ടിലേക്കു പോവ്വാ..  എനിക്കിനിയിവിടെ നിൽക്കണ്ട.

മോളെ നീ കരഞ്ഞു ബഹളമുണ്ടാക്കാതെ,നാട്ടുക്കാരറിഞ്ഞാൽ നമ്മൾക്ക് തന്നെയല്ലേ നാണക്കേട് ?  ഇനി ഇതിൽ കൂടുതലെന്തു നാണക്കേടാണമ്മേ എനിക്ക് വരാനുള്ളത്. എന്നെയും ഇത്തിരിയില്ലാത്ത ഈ കുഞ്ഞിനേയും ഓർത്തില്ലലോ ചേട്ടനിതു ചെയ്യുമ്പോൾ.

പ്രകാശനും നിവേദിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, രണ്ടു വീട്ടുകാരുടെയും സമ്മതത്തോടു കൂടി. വിവാഹം കഴിഞ്ഞു ഒന്നരവര്ഷമായപ്പോൾ ഒരാൾ കൂടി അവരുടെ സന്തോഷത്തിലേക്ക് വരാനിരിക്കെയാണ് പ്രകാശന് വിസ കിട്ടുന്നതും അയാൾ പ്രവാസത്തിലേക്കു പറക്കുന്നതും. ആദ്യമാദ്യം ദിവസേനയെന്നോണം വീട്ടിലേക്ക് വിളിച്ചിരുന്നത് പിന്നീട് വല്ലപ്പോഴുമായി. കഴിഞ്ഞ ദിവസം ദുബായിൽ നിന്നും വന്ന അകന്ന ബന്ധുവിൽ നിന്നുമാണ് കാര്യങ്ങളറിഞ്ഞത്. പ്രകാശൻ അവിടെയേതോ അന്യ രാജ്യക്കാരിയുമായണത്രെ താമസം. കാര്യങ്ങളന്വേശിച്ച അയാളോടവൻ ഇതൊക്കെ ഒരു രസമല്ലേ നമ്മളും ചോരേം നീരുമുള്ള മനുഷ്യരല്ലേ, ഇനിയിതൊന്നും അവിടെ ചെന്ന് പറയണ്ട എന്നൊക്കയാ പറഞ്ഞതത്രെ.
                                                                      -----------
"പ്രവാസികളുടെ ഭാര്യമാരെ കുറിച്ച് ഇല്ലാ കഥകൾ മെനയുന്നവരോടും, അവരെ മറ്റൊരു കണ്ണിലൂടെ കാണുന്നവരോടും, ഇത് പോലുള്ള ഒരുപാട് പ്രകാശന്മാരും  പ്രവാസികളുടെ കൂട്ടത്തിലുണ്ട്."


പ്രചോദനം : ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോൾ കണ്ട ഒരു കാഴ്ച. 

Sunday, 8 October 2017

വാർദ്ധക്യം

കുറെ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഞാൻ അയാളെ കാണുന്നത്.ഒറ്റനോട്ടത്തിൽ ആളെ മനസിലാവാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും അടുത്തനിമിഷം ഞാനയാളെ തിരിച്ചറിഞ്ഞു.കുഴിഞ്ഞൊട്ടിയ കവിളുകളും ഉള്ളിലേക്കു വലിഞ്ഞു രണ്ടു കുഴികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണുകളും, മെഡിക്കൽ കോളേജുകളുടെ പഠനമുറിയിൽ വെച്ചിട്ടുള്ള അസ്ഥികൂടങ്ങളെ വെല്ലുന്ന കോലവുമായ് അയാൾ മുന്നിൽ.വർഷങ്ങൾക്ക്  മുൻപ് കാണുമ്പോൾ എത്ര ആരോഗ്യവാനും സുന്ദരനുമായിരുന്നു. അന്നയാൾക്കു പറയാനുണ്ടായിരുന്നത് സന്തോഷപൂർവ്വമായ അയാളുടെ  ജീവിതത്തെ കുറിച്ചായിരുന്നു.ഇന്നെന്താണ് ഇത്ര മൗനം?!!

വാർദ്ധക്യം മനുഷ്യന് കഴിഞ്ഞകാല ജീവിതത്തിലെ കയ്‌പ്പേറിയതും മധുരമേറിയതുമായ ജീവിതാനുഭവങ്ങളെ തുലനം ചെയ്യാൻ ദൈവം നൽകിയ ഒന്നാണ് എന്നിങ്ങനെ കാടുകയറി ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണു "അപ്പൂപ്പാ" എന്ന വിളിയുമായി കൊച്ചുമോന്റെ വരവ്.

 ഓ.. ഞാനും ഈ വാർദ്ധക്യത്തിന്റെ പിടിയിലാണല്ലോ എന്നപ്പോഴാണോർത്തത് ..

സലീം വലിയകത്ത്